മൂക്കില്‍ വിരലിട്ട് വായും പിളർന്ന്, കുതിച്ചു പായുന്ന ഗുഡ്സ് വണ്ടിടെ ബോഗികൾ എണ്ണുക… മൂത്രം ഒഴിക്കുമ്പോള്‍ മണ്ണിൽ ചിത്രം വരയ്ക്കുക…കീശയിലെ മഞ്ചാടിക്കുരുവും പളുങ്ക് ഗോട്ടികളും ഉണ്ടാക്കുന്ന താളം കേള്‍ക്കാന്‍ ആഞ്ഞു പായുക… പറന്നു വിളക്കിന്മേല്‍ വീണു പഠിക്കാന്‍ സമ്മതിക്കാത്ത വണ്ടിനെ പിടിച്ചു കാലുകള്‍ വെട്ടി മലത്തി കിടത്തി അതിന്‍റെ വെപ്രാളം കാണുക… പ്ലാവില ഒടിച്ച് അതിന്റെ പാല് കൊണ്ട് കളിക്കുക… മഴ പെയ്യുമ്പോള്‍ ഇറയത്തെ വെള്ളത്തില്‍ വാ തുറന്നു കാണിക്കുക… വടക്കെ പറമ്പിൽ അച്ഛമ്മ നട്ട കപ്പ കമ്പുകള്‍ ഇടക്കിടെ പൊരിച്ചു നോക്കി മുളച്ചോ എന്ന് നോക്കുക… പഴത്തൊലി പശുവിന്റെ കൊമ്പിൽ കെട്ടി തൂക്കി അതിനെ വട്ടം ചുറ്റിക്കുക… പാടത്തെ തുമ്പ പൂവിന്മേല്‍ ഇരിക്കുന്ന പൊട്ടന്‍ തുമ്പിയെ പിടിച്ചു അതിന്റെ വാലിന്മേല്‍ ഓല നാരു കെട്ടി ഹെലികൊപ്ട്ടര്‍ പറത്തുക… പറമ്പത്ത് കുറുകെ ഒഴുകുന്ന ചാലില്‍ “നെറ്റി മേല്‍ കുത്തുള്ള” മീനിനെ തുപ്പി തുപ്പി വശീകരിച്ചു വെള്ളം ചവിട്ടി തെറിപ്പിച്ചു പിടിച്ച് അതിനെ ചേമ്പിലയില്‍ കൊണ്ടുവന്നു ഹോര്‍ലിക്ക്സ് കുപ്പിയില്‍ വളര്‍ത്തുക…പുളിങ്കൊമ്പില്‍ ഇരുന്നു കൂകുന്ന കുയിലിനെ കൊഞ്ഞനം കാട്ടി പറത്തുക… തൊട്ടാൽ വാടി ചെടിയെ ഊതി ഊതി വാടിപ്പിക്കുക….ഒരു വഴിക്കു പോവുന്ന ഉറുമ്പിന്റെ വഴി തെറ്റിച്ചു വിട്ടു അവനെ പൊട്ടനാക്കുക…
“മോന്റെ ഹോബി എന്തൊക്കെയാ…” എന്ന് ചോദിച്ചപ്പോ ഇതൊക്കെയാണ് മനസ്സില്‍ വന്നതെങ്കിലും, അച്ഛന്‍ അടുത്ത് ഇരിക്കുന്നത് കൊണ്ട് ഒരു നല്ല കുട്ടിയുടെ ഭാവം മുഖത്ത് വരുത്തി.. ഞാന്‍ ഉത്തരം കൊടുത്തു…
“റീഡിംഗ് ആൻഡ് പെയിന്റിംഗ്…”
ഞാന്‍ അകത്തു നല്ല തിരക്കിലായിരുന്നു, വിളിച്ചു വരുത്തി ഇപ്പൊ ഇതാണോ ചോദിക്കാന്‍ ഉള്ളത്… ഉത്തരം കൊടുത്ത ഉടനെ ഞാന്‍ അകത്തേക്ക് ഓടി. കഴിഞ്ഞ പ്രാവശ്യം വീട്ടിലെ റേഡിയോ നന്നാക്കി തന്ന സത്യേട്ടന്‍ ആണ് “കുതിര ലാടം” പോലത്തെ കാന്തം തന്നത്. അത് ഇന്ന് കയ്യിന്നു വീണുടഞ്ഞു. ചക്ക പശ വെച്ച് ഒട്ടിക്കാന്‍ നോക്കുമ്പോഴാണ് ഉമ്മറത്ത് നിന്ന് അച്ഛന്‍ വിളിച്ചത്. അച്ഛന്റെ ഫ്രണ്ട് ആരോ വന്നിരിക്കുന്നു..അമ്മ ചായയോടൊപ്പം പരിപ്പ് വട കൊണ്ട് പോകുന്നത് കണ്ടു… അത് പോട്ടെ.. പിന്നെ കഴിക്കാം.ഇതിപ്പോ എങ്ങനാ ഒന്ന് ഒട്ടിക്കുക.. ഇത്രേം കാലം പറ്റി പിടിച്ചിരുന്ന ഈ കഷ്ണങ്ങള്‍ ഇപ്പൊ അടുക്കുന്നേ ഇല്ല… മറിച്ച് അകന്നു അകന്നു പോകുന്നു… രാവിലെ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അപ്പുറത്തെ വീട്ടിലെ രേഷ്മ ചേച്ചിയോട് ചോദിച്ചു… എന്തോ “പോള്‍” എന്നൊക്കെ പറയുന്നത് കേട്ടു…എന്റെ പ്രശ്നം പരിഹരിക്കാതെ പൊട്ടത്തരങ്ങള്‍ പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്ന ചേച്ചിയോട് എനിക്ക് പുച്ഛം തോന്നി. അറിയില്ലെങ്കില്‍ അറിയില്ലാന്നു എന്ന് പറഞ്ഞാല്‍ പോരെ…
ഇന്ന് ഞായറാഴ്ച … നാളെ അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കും. ഉമ്മറത്തേക്ക് ഒളിച്ചു നോക്കി.. ആരെയും കാണുന്നില്ല. പരിപ്പ് വട തീര്‍ത്തോ ആ വന്ന ആള്‍…
ആദിത്യന്‍ കരഞ്ഞു തുടങ്ങി. തെക്കേലെ ദേവകി ഏടത്തിയുടെ മോന്‍ ആണ് ആദിത്യന്‍ എന്ന കുട്ടന്‍. ഏടത്തിക്ക് വീട്ടില്‍ പണി അധികം ഉണ്ടാകുമ്പോള്‍ എന്നെ വിളിക്കും.. ആദിത്യനെ നോക്കിയാല്‍ എനിക്ക് ഇഷ്ടപ്പെട്ട അരി പായസം ഉണ്ടാക്കി തരും. കഴിഞ്ഞ ദിവസം പീടികയില്‍ പഴം വാങ്ങാന്‍ പോയപ്പോ ദേവകി ഏടത്തി ഉമ്മറത്തെ പടിയില്‍ ഇരുന്നു ആദിത്യന് മുലപ്പാല്‍ കൊടുക്കുന്നത് കണ്ടു… വഴി നീളെ മനസ്സില്‍ ഒരു വലിയ ഒരു സംശയം… വീട്ടില്‍ തിരിച്ചെത്തി അമ്മയോട് ചോദിക്കേം ചെയ്തു… “ദേവകി ഏടത്തിക്ക് സ്വന്തമായി പാല്‍ ഉള്ളപ്പോ എന്തിനാ മ്മേ നമ്മുടെ അടുത്തൂന്നു രണ്ടു നേരം പാല് മേടിക്കുന്നെ ?”.. അമ്മ താഴെ കിടന്ന വിറകിന്‍ കഷ്ണം എടുത്തു എനിക്ക് പുറകെ ഓടി…അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറഞ്ഞാല്‍ പോരെ…
“ഉണ്ണീ…. അച്ഛൻ ഉണ്ടോടാ വീട്ടിൽ …” എനിക്ക് യുനിഫോറം തുന്നിത്തരുന്ന ബാലേട്ടൻ ആണ്. അച്ഛന്ടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ്. പത്താം ക്ലാസ്സുവരെ അവർ ഒരുമിച്ചാണ് പഠിച്ചതും വളർന്നതും. പിന്നെ എങ്ങനെ ആണ് അച്ഛൻ അധ്യാപകനും ബാലേട്ടൻ തുന്നൽക്കരനും ആയത് ? “ഇല്ലല്ലോ ബാലേട്ടാ … മൂപ്പര് ടൌണിൽ പോയതാണെന്ന് തോന്നുന്നു… കണ്ണടയും കുടയും എടുത്തോണ്ടാണ് പോയത് …” ചോദിച്ചത് ഉണ്ണിയോടു ആണെങ്കിലും , ഉത്തരം പറഞ്ഞത് ഗീത…അച്ഛൻ പോയത് ഞാൻ കണ്ടില്ലല്ലോ… ഞാൻ അമ്മയെ തുറിച്ച് നോക്കി. അമ്മ അത് ശ്രദ്ധിക്കാതെ പറഞ്ഞു ” കേറി ഇരിക്കൂ , ചായ എടുക്കാം .. അപ്പോഴേക്കും വരുമായിരിക്കും …” “ഏയ് .. അത് വേണ്ട ഗീതേ .. ഞാൻ കരുണനെ പിന്നെ കണ്ടോളാം .. അത്യാവശ്യം ഒന്നും ഇല്ല .. ഞാൻ വന്നിരുന്നു എന്ന് പറഞ്ഞാൽ മതി … ഞാൻ വരട്ടെ… ഡാ ഉണ്ണി .. വരട്ടെടാ … നിന്റെ ട്രൌസർ ഇന്ന് വൈന്നേരം തരാ ട്ടോ …” കഷ്ടപ്പെട്ട് ചീകി മിനുക്കിയ മുടി നശിപ്പിച്ചു കൊണ്ട് ബലേട്ടൻ പോയി. എന്റെ മുടി നോക്കി ചിരിച്ചു കൊണ്ട് അമ്മ അടുക്കളയിലേക്കും …
“അമ്മേ , അച്ഛൻ വരാൻ വൈകുമോ .. ? ” ഞാൻ അടുക്കള വാതിൽ ചാരി നിന്ന് ആടിക്കൊണ്ടു ചോദിച്ചു … അമ്മ കണ്ണുരുട്ടി ചോദിച്ചു “ഉം എന്തേ .. ? …… “മ്മ്ഛ് ..” ഞാൻ വരാന്തയിലേക്ക് പോയി….അപ്പുറത്തെ തോട്ടിൽ ചേമ്പിലയിൽ വെള്ളം നിറച്ചു ഗണേശൻ മീൻ പിടിക്കാൻ നോക്കണ്ണുണ്ട് , അത് കണ്ടിട്ടാണ് അച്ഛൻ നേരത്തെ വരുമോ എന്ന് ചോദിച്ചത്. അവനെ സഹായിക്കണം … അമ്മ പറഞ്ഞിട്ടുണ്ട് നമ്മൾ കഴിവില്ലാത്തവരെ സഹായിക്കണം എന്ന് … നെറ്റിയിൽ പൊട്ടുള്ള മീൻ ആണ് ആ തോട്ടിൽ നിറയെ …“നേട്ടിയാലിപൊട്ടൻ”… അവറ്റകളെ പിടിക്കാൻ എളുപ്പമാ .. ആദ്യം ഒന്ന് കാർക്കിച്ചു തുപ്പുക … അതുങ്ങൾ ഓടി എത്തും .. “റ്റാാഷ് …” കാലു കൊണ്ട് വെള്ളം കരയിലേക്ക് ഒരൊറ്റ അടി … ദാ കിടക്കും കരയിൽ അത്…. ഞാൻ ഒറ്റയടിക്ക് മൂന്നു മീനിനെ വരെ പിടിച്ചിട്ടുണ്ട്. മുമ്പ് “ഹോർലിക്ക്സ്” കുപ്പിയിൽ കൊണ്ടിട്ട മീനൊക്കെ ചത്ത് പോയി, അതിനു ശേഷം മീനിനെ വളർത്താൻ അച്ഛൻ സമ്മതിക്കില്ല … പിടിച്ച എല്ലാ മീനിനെയും തിരിച്ചു തോട്ടിൽ കൊണ്ടിടും അച്ഛൻ. രണ്ടു ദിവസം മുന്നേ അച്ഛൻ അറിയാതെ ഒന്നിന്നെ എടുത്തു ഞാൻ കിണറ്റിൽ ഇട്ടു. അവനെ ഈയിടെ കാണാറില്ല… അമ്മ എന്നെ കുളുപ്പിക്കാൻ വെള്ളം കോരുമ്പോ ഞാൻ എന്നും കിണറ്റിൽ എത്തി നോക്കും , അവനെ തിരയും … ആരും കാണാതെ ഒരു ദിവസം കിണറ്റിൽ കാർക്കിച്ചു തുപ്പി നോക്കണം ….
എന്നും രാത്രി മഴയാണ്. രാവിലെ മുറ്റത്ത് നനഞ്ഞ മണ്ണിലൂടെ നിലത്തിര പുറത്തു തല ഇട്ടു നോക്കും. ഈർക്കിൾ വച്ച് ഞാൻ അതിനെ കുത്തി പിടിക്കും. തലയും ചന്തിയും ഇല്ലാത്ത ജീവി. ക്ലാസ്സിൽ ടീം ഉണ്ടാക്കി ക്വിസ് നടത്തുമ്പോ ഞാൻ ഈ ചോദ്യം ചോദിച്ചതാ. സ്റ്റാഫ്‌റൂമിൽ വിളിപ്പിച്ചു എന്റെ ചന്തി ബിന്ദു ടീച്ചർ അടിച്ചു പൊളിച്ചു. അറിയില്ലേൽ അറിയില്ലാന്നു പറഞ്ഞാൽ പോരേ ?
ദേവകി ഏടത്തിയുടെ വീടിലെ കിണറ്റിൽ ഒരു വലിയ മീൻ ഉണ്ട്. അവന്റെ പേര് “വരാൽ“ ആണത്രേ. ഇത് എന്ത് പേരാണ്. .. ഞാൻ അവനെ ”ഉർമീസ്“ എന്നാ വിളിക്കാറ്. അവൻ മാംസബുക്കാ …നിലതിരയെ തിന്നും. എന്നും “ബ്രേക്ഫാസ്റ്റ്” എന്റെ വകയാ. ബിസ്ക്കറ്റ് ഒന്നും ഇഷ്ടം അല്ല അവനു . കുറെ കൊടുത്തു നോക്കി , ടേസ്റ്റ് നോക്കി തുപ്പിക്കളയും അവൻ. ഇനി ഞാൻ ക്രീം നക്കിട്ടു കൊടുത്തത് കൊണ്ടാണോ ? നാളെ തേങ്ങ പറിക്കാൻ രമേശേട്ടൻ വരുമത്രേ. തേങ്ങ പറിക്കുന്ന ദിവസം എനിക്ക് രണ്ടു ഇളനീർ കിട്ടും. അമ്മ അത് പ്രത്യേകം പറഞ്ഞതാണ് രമേശേട്ട നോട്. തേങ്ങ പറിച്ചു തീരണതുവരെ ഞാൻ പുറകെ നടക്കും. അത് ആദ്യം കയറുന്ന തെങ്ങിൽ നിന്ന് തന്നെ പറിച്ചു തന്നാൽ എന്താ രമേശേട്ടന് ? നാളെ ഞാൻ സ്കൂളിൽ ഉള്ളപ്പോഴാവും രമേശേട്ടൻ വരുവ. മറക്കുമോ? എല്ലാ തെങ്ങിലും “ഉണ്ണി ഇളനീർ” എന്ന് കൊത്തി എഴുതി വച്ചിട്ടുണ്ട്. രമേശേട്ടൻ കാണുമായിരിക്കും….
വൈന്നേരം ആയല്ലോ. അച്ചാച്ചന്റെ മുറിയിൽ എത്തി നോക്കി. കാണണില്ലല്ലോ. വെളുത്ത മുണ്ടിൽ ഞാൻ പേന തുടച്ചിരുന്നു, അതും ഉടുത്താണോ പുറത്തു പോയെ? പിന്നെ കാലൻ കുടയുടെ പിടി ഒടിഞ്ഞപ്പോ ചക്ക പശ വെച്ച് ഒട്ടിച്ചു വെച്ചിരുന്നു. അത് എന്തായാലും മനസ്സിലാവില്ല… ഒത്തിരി സാധനങ്ങൾ ഇതുപോലെ പൊട്ടി പോയിട്ടുണ്ട്… എല്ലാം ഞാൻ ചക്ക പശ വെച്ചു ഒട്ടിച്ചു ശെരി ആക്കി. അച്ചാച്ചൻ അതൊന്നും കണ്ടു പിടിക്കില്ല. ഗാന്ധിജിയുടെ തല മാത്രം കുറച്ചു ചെരിഞ്ഞു പോയ പോലെ. ചെരിപ്പൊച്ച കേക്കുന്നുണ്ട്. “കോമത്ത് പരവെരതയേ ദേവീ, ഭഗോതി ഉണ്ണിയെ രശ്ശിക്കണേ”. “ഡാ ഉണ്ണീ നീയാണോ ഇത് ചെയ്തേ. .. ?” അച്ചാച്ചൻ നല്ല ദേഷ്യത്തിലാണ്. പോയേക്കാം… “അമ്മേ സന്ധ്യ ആയില്ലേ ഞാൻ കുളിക്കട്ടെ, വിളക്ക് കത്തിച്ചു പ്രാർത്ഥിക്കണ്ടേ?” അമ്മ വാ പുളന്നു എന്നെ നോക്കുന്നുണ്ട് …. “ഇന്ന് കാക്ക മലന്നു പറക്കുല്ലോടാ”… ഞാൻ കുളുമുറിയിൽ കേറി വാതിൽ അടച്ചു. “എടാ തോർത്തെങ്കിലും എടുത്തോണ്ട് പോടാ…”. അമ്മ കാറി വിളിക്കുന്നുണ്ട്. “ഡാ ഉണ്ണീ…” അച്ചാച്ചൻ അടുക്കളയിൽ എത്തി. “അവൻ കുളിക്കാൻ കേറി അച്ഛാ, എന്ത് പറ്റി? ” … “ആ…ഒന്നും ഇല്ല ” അച്ചാച്ചൻ പോയി… രശ്ശപെട്ടു. ഇനി കുളിക്കണോ? വെള്ളത്തിനു നല്ല തണുപ്പ്. കുറച്ചു വെള്ളം എടുത്തു തുപ്പിക്കളിക്കാം. മുട്ടിനു താഴെ, കൈപ്പത്തി, ചെവി അത്ര കുളിച്ചാ മതി ഇന്ന്… ബാക്കി നാളെ കുളിക്കാം.
“ഊണ് എടുത്ത് വച്ചിട്ടുണ്ട്, എല്ലാരും വന്നേ. അച്ഛാ ഊണ് വച്ചിട്ടുണ്ട് “ അമ്മ അച്ചാച്ചനെ പ്രത്യേകം പോയി വിളിച്ചു. ”ഡാ… മതിയാക്കി വന്നേ… കഴിച്ചേ… അവന്റെ ഒരു കാക്ക കുളി…“ എന്നോട് ഒരു ബഹുമാനവും ഇല്ല ആർക്കും. ഞാൻ കുളുമുറിയിലെ തുപ്പിക്കളി നിർത്തി ഇറങ്ങി പോന്നു.
”അച്ഛമ്മേ എനിക്ക് ഒരു രണ്ടുർപ്പിയ തരുവോ? “ എന്തിനാടാ? ”ഗ്യാസ് മുട്ടായി മേടിക്കാൻ“. സ്കൂളിനടുത്തുള്ള ചന്ദ്രി ചേച്ചിയുടെ കടയിൽ വെള്ള ഗ്യാസ് മുട്ടായി കിട്ടും. ഐസ് പോലെ തണുക്കും വായ അത് തിന്നാൽ. മേലെ വള്ളം കുടിച്ചാൽ കുറച്ചൂടെ തണുക്കും. ”പ്ലീസ് “…. അച്ഛമ്മ മടിക്കുത്തിൽ നിന്ന് രണ്ടുരുപ്പിയ എടുത്തു തന്നു. ഞാൻ അതും എടുത്തു ഓടി പെൻസിൽ ബോക്സിൽ വെച്ചു. അമ്മ കണ്ടാൽ എടുത്തോണ്ട് പോവും. എന്റെ ശമ്പാദ്യം ഒക്കെ പോയത് ഇങ്ങനെയാ.
അച്ഛനും വന്നു. എല്ലാരും കഴിക്കാൻ ഇരുന്നു. പോവുന്ന പോക്കിൽ ഞാൻ നല്ല “വൃത്തിയായി കുളിച്ഛ് ”ചീകി വെച്ച മുടി അച്ഛൻ കുളം ആക്കി. “ഡാ നിന്റെ സ്കൂൾ ട്രൗസർ ബാലേട്ടൻ തുന്നി കൊടുത്തു വിട്ടിട്ടുണ്ട്, മേശപ്പുറത്തുണ്ട്.” കാലൻ കുട കേസ് അച്ചാച്ചൻ മറന്നൂന്ന് തോന്നുന്നു. വയ്യസ്സായാൽ മറവി കൂടുമത്രേ, അച്ഛമ്മ സാധനം മേടിക്കാൻ പോവുമ്പോ എന്റെ ഗ്യാസ് മുട്ടായി ഈയിടെ മറക്കുന്നുണ്ട്. അച്ഛമ്മേടെ എല്ലാ മുണ്ടിലും ഗ്യാസ് മുട്ടായി എന്ന് എഴുതി വെക്കണം. പിന്നെ മറക്കില്ല.
ഞാൻ എല്ലാരുടേം പ്ലേറ്റ് നോക്കി. എനിക്ക് രണ്ടു പൊരിച്ച മീൻ. അച്ഛന് ഒരു പൊരിച്ച മീൻ. അച്ചാച്ചന് ഒരു പൊരിച്ച മീൻ. അച്ഛൻ അച്ഛന്റെ പൊരിച്ച മീൻ എടുത്തു എന്റെ പ്ലേറ്റിൽ ഇട്ടു. ഇപ്പൊ എനിക്ക് മൂന്നായി. ഞാൻ ഇടം കണ്ണിട്ടു അച്ചാച്ചന്റെ പ്ലേറ്റിൽ നോക്കി. അതും എനിക്ക് തന്നാലോ… “ഡാ ഡാ ഡാ … പ്ലേറ്റിൽ ഉള്ളത് തിന്നെടാ. .. ആർത്തി പണ്ടാരം” അമ്മ അരളി… അല്ല അലരി. ബഹുമാനം തീരെ ഇല്ല അമ്മയ്ക്ക് ഈയിടെയായി.
കഴിക്കുന്നതിനിടെ അച്ഛൻ കുറെ കാര്യങ്ങൾ പറഞ്ഞു. “നന്നായി പഠിക്കണം…. നന്നായി പഠിച്ചാൽ നിനക്ക് വല്ല്യ ആൾ ആവാം. നല്ലൊരു ഡോക്ടർ ആവാം , അല്ലേൽ പൈലറ്റ് ആവാം , അല്ലേൽ കളക്ടർ ആവാം , അല്ലെ അച്ചാച്ചനെ പോലെയും അച്ഛനെ പോലെയും ടീച്ചർ ആവാം“. പൊരിച്ച മീൻ മൊരിഞ്ഞത് പോരാ. അച്ചാച്ചന്റെ പൊരിച്ച മീനിന് നല്ല വലിപ്പം ഉണ്ട്. ”അല്ലേൽ വക്കീൽ ആവാം, അല്ലേൽ എഞ്ചിനീയർ ആവാം… നിനക്ക് വലുതായിട്ട് എന്താവാനാ ഇഷ്ടം? …. “ ജെസിബി ഡ്രൈവർ ” ഞാൻ എല്ലാരേം നോക്കി. ആരും ഒന്നും പറയുന്നില്ല. അച്ഛൻ അമ്മയെ നോക്കുന്നു , അമ്മ അച്ഛമ്മയെ നോക്കുന്നു , അച്ഛമ്മ അച്ചാച്ചനെ നോക്കുന്നു, അച്ചാച്ചൻ എന്നെ നോക്കുന്നു. ഞാൻ വലിയ ആൾ ആവുന്നത് കൊണ്ട് അസൂയയാ എല്ലാർക്കും.
അമ്മ എഴുന്നേപ്പിക്കാം രാവിലെ എന്ന് പറഞ്ഞിട്ടുണ്ട്. നാളെ എനിക്കിഷ്ടമുള്ള കള്ളപ്പം ആണ്. പ്രാർത്ഥിച്ച് നാമം ചൊല്ലി കിടക്കാൻ അമ്മ പറയും. അപ്പൊ സ്വപ്നത്തിൽ യക്ഷി വരില്ലത്രേ. യക്ഷി ചേച്ചിയോട് ഉണ്ണീടെ സ്വപ്നത്തിൽ പൂമ്പാറ്റകൾ മാത്രം കാണിക്കാൻ റിക്വസ്റ്റ് ചെയ്തു ഞാൻ കണ്ണടച്ചു. പുത്തൻ ട്രൗസർ , ഷർട്ട് , ചോറ്റും പാത്രം, വാട്ടർ ബോട്ടിൽ, ചെരിപ്പ്, കുട…. ബാഗ് ഇക്കൊല്ലം പുതിയത് ഇല്ല. അമ്മ കഴിഞ്ഞ കൊല്ലത്തെ കീറിയ ബാഗ് തുന്നി ശെരിയാക്കി. അമ്മയ്ക്ക് തുന്നാൻ അറിയില്ല, സ്‌പൈഡർ മാനിന്റെ കണ്ണിന്റെ മുകളിൽ കൂടെ തുന്നി അത് അമ്മ കുളം ആക്കി. ഇപ്പൊ ഒറ്റക്കണ്ണൻ സ്‌പൈഡർ മാൻ ആയി. സ്കൂളിൽ എല്ലാരും കളിയാക്കും ഉറപ്പാ. ആ സൂചിയും നൂലും നാളെ കിണറ്റിൽ ഇടണം. റസീനയുടെ കുട ഇത്തവണ ചൊമല ആയിരിക്കും. ഞാൻ ട്രൗസറും ഷർട്ടും ഒന്നൂടെ മണത്തു നോക്കി. പിന്നേം കിടന്നു. അച്ചാച്ചൻ റേഡിയോയിൽ വാർത്ത വെച്ചു “ക്ളും ക്ളും ക്ളും. … സംപ്രീതി വാർത്തയാ ശൂയംതം പ്രവാചക ബാലദേവാനന്ദ സാഗര….”
************************************************
“ഇപ്പൊ കിടന്നേ ഉള്ളു അമ്മേ … ഞാൻ ഇച്ചിരി നേരം കൂടെ ഉറങ്ങിക്കോട്ടെ പ്ലീസ് ”. അമ്മ എന്തിനാ ഇത്ര നേരത്തേ എഴുന്നേൽപ്പിക്കുന്നെ. ഭജന മഠത്തിലെ പാട്ട് കേട്ടു തുടങ്ങി. “കൗശല്യാ ഷുപ്ര രാമാ ജുഡീസ്തുതേ…ഉറ്റിഷ്ട ഡിസ്റ്റാ ബ്ലിസ്റ്റാ ദുദുസ്തുതേ…”
യക്ഷിച്ചേച്ചി ഇന്നും പറ്റിച്ചു. പൂമ്പാറ്റ പോയിട്ട് മഴപ്പാറ്റ പോലും കാണിച്ചു തന്നില്ല. പാതി കണ്ണ് തുറന്നു നോക്കി, അമ്മ പോയോ?
ഭജന മഠത്തിലെ പാട്ടല്ല. മേശപ്പുറത്തു ഫോൺ അടിക്കുന്ന റിങ് ടോൺ ആണ് .
“Raghav Sir” calling.
കണ്ണ് തിരുമ്മി ഞാൻ എഴുന്നേറ്റിരുന്നു. ഫോൺ അറ്റൻഡ് ചെയ്തു.
“Girish , did we finalize the code change with the QA team yesterday ? I want that pushed to production before 1pm today at any cost. There are penalties from customer if we don’t meet that deadline. We cant afford that… ”
ഞാൻ അമ്മയെ തിരയുവാണ്. അമ്മ അടുക്കളയിൽ ഇല്ല. കള്ളപ്പം ഇല്ല.
“Girish , you there ? Confirm it will be done ”
ഞാൻ വീടിനു പുറത്തേക്കു ഇറങ്ങി. മുന്നിൽ വേറൊരു വീടിന്റെ ബാൽക്കണി.
“Girish , would you mind speaking up ? I am talking to you”
“Hi Sir, yes we will fix the code today sir ”
“How the hell are you going to fix it in few hours ?”
“ചക്ക പശ”
What???
**********************************************